Latest Updates

കൊല്ലം: ഇനി കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്ര ചെയ്യാൻ കൈവശം പണമില്ലെങ്കിലും വിഷമിക്കേണ്ട. മൊബൈലും അക്കൗണ്ടില്‍ തുകയും മതി. സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും ഡിജിറ്റല്‍ പണമിടപാട് സംവിധാനമെത്തുന്നു. നിലവില്‍ ചില സ്വിഫ്റ്റ് ബസുകളിലും ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമുണ്ടെങ്കിലും പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് ഉപകാരപ്പെടും വിധത്തില്‍ സംസ്ഥാനത്തുടനീളം ഓര്‍ഡിനറികള്‍ ഉള്‍പ്പടെ സമ്പൂര്‍ണ ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം ഏര്‍പ്പെടുത്താനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്. രണ്ടുമാസത്തിനുള്ളില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാനാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി. എല്ലാ ബസുകളിലും യുപിഐ പേയ്മെന്റ് പിന്തുണയ്ക്കുന്ന ടിക്കറ്റ് മെഷീന്‍ സ്ഥാപിക്കും. യാത്രക്കാര്‍ക്ക് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ജിപേ, പേടിഎം, ഫോണ്‍പേ പോലുള്ള ആപ്പുകള്‍ വഴി പണം അടച്ച് ടിക്കറ്റ് നേടാന്‍ കഴിയും. ചെറിയ കറന്‍സി കിട്ടാതെ ഒട്ടുമിക്ക യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടിന് ഇതുവഴി പരിഹാരമാകും. തുടക്കം തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളിലാണ് പുതിയ ടിക്കറ്റ് മെഷീന്‍ വിതരണം ചെയ്തത്. രണ്ടുമാസത്തിനുള്ളില്‍  സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകളിലേക്കും ഇത് വ്യാപിപ്പിക്കും. ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ് കെഎസ്ആര്‍ടിസി പുതിയ സംവിധാനങ്ങള്‍ നടപ്പാക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice